സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കാന്തപുരം
കോട്ടക്കൽ (മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കും. 'സമസ്ത: 100 പ്രകാശവർഷങ്ങൾ' എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക. കോട്ടക്കൽ ബഹ്റുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.
സുന്നി ഐക്യം എന്നത് കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ പ്രഖ്യാപിത നയനിലപാടുകളിൽ നിന്നുകൊണ്ടുള്ള ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോവുക തന്നെ വേണം. വിയോജിപ്പുകളുടെ വഴിയല്ല, മറിച്ച് യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഒന്നിച്ച് നീങ്ങാനാണ് നാം ശ്രമിക്കേണ്ടത്. സുന്നി ഐക്യചർച്ചകൾക്കായി ഇരു സമസ്തകളും നേരത്തെ നാലംഗങ്ങൾ വീതമുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ മുന്നോട്ടുപോയിട്ടുണ്ട്; അത്തരം ചർച്ചകൾക്ക് ഇനിയും ഞങ്ങൾ സന്നദ്ധമാണ്.
ക്രിയാത്മകമായ ഈ ശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ഈ നീക്കങ്ങൾക്ക് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വിശ്വാസ വൈകല്യങ്ങളിൽ നിന്നും തീവ്ര ചിന്താധാരകളിൽ നിന്നും വിശ്വാസികളെയും പൊതുസമൂഹത്തെയും സംരക്ഷിക്കുക എന്നത് സുന്നി പണ്ഡിതന്മാരുടെ വലിയ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം വർധിച്ചുവരുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നമുക്ക് കണ്ണടയ്ക്കാനാവില്ല. പ്രാഥമിക വിദ്യാഭ്യാസമോ കൃത്യമായ മതബോധമോ ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകൾ നമുക്കിടയിലുണ്ട്. അവരുടെ പട്ടിണി മാറ്റാനും വിദ്യാഭ്യാസം നൽകി മികച്ച പൗരന്മാരായി വളർത്താനുമുള്ള നിർമ്മാണാത്മകമായ പ്രവർത്തനങ്ങളിലേക്ക് നമ്മുടെ സംവാദങ്ങൾ ഉയരണം. സമസ്തയിലെ എന്റെ ദീർഘകാല പ്രവർത്തനങ്ങളിൽ ആദർശ സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്. അത് സമസ്തയിലെ മഹാപണ്ഡിതന്മാർ കാണിച്ചുതന്ന വഴിയാണ്.
സുന്നി ഐക്യം പോലെത്തന്നെ പ്രധാനമാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലുമുള്ള സമാധാനവും ഐക്യവും. എല്ലാ മനുഷ്യരുടെയും സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള വികസനമാണ് സാധ്യമാകേണ്ടത്. സന്തോഷവും സമാധാനവും ഇല്ലാതെ ഒരു ജനതയ്ക്കും പുരോഗതി പ്രാപിക്കാനാവില്ല. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭിന്നതയുണ്ടാക്കി വികസനത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളെ നാം തിരിച്ചറിയണം.
ബഹുസ്വരതയെ സംരക്ഷിക്കുന്ന നിലപാടുകളാണ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഉണ്ടാവേണ്ടത്. രാഷ്ട്രീയ പ്രവർത്തനം ജനാധിപത്യത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ളതാകണം. മതരാഷ്ട്രവാദത്തോട് ഒരു നിലയ്ക്കും യോജിക്കാനാവില്ല. കേവലം രാഷ്ട്രീയ ലാഭങ്ങൾക്കായി തീവ്ര ചിന്താഗതിക്കാരുമായി കൂട്ടുകൂടുന്നത് ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് ആഘാതമേൽപ്പിക്കും. നമ്മുടെ നീതിബോധത്തിലും ജനാധിപത്യ മൂല്യങ്ങളിലും കറപുരളാൻ അനുവദിക്കരുത്. തിരഞ്ഞെടുപ്പുകളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പകരം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും വികസനത്തിനുമായിരിക്കണം മുൻഗണന നൽകേണ്ടത്.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത. അഹ്ലുസുന്നയുടെ വിശ്വാസധാരയിൽ ഉറച്ചുനിന്നുകൊണ്ട് സാധാരണക്കാരുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും സമഗ്രമായ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടാണ് സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്നത് - കാന്തപുരം പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വിളംബര സമ്മേളനം ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും നൂറുക്കണക്കിന് പൊതു ജനങ്ങളും വിളംബര സമ്മേളനത്തിൽ പങ്കെടുത്തു.




