ഇസ്സ കോഡ് - ആത്മാഭിമാനമുള്ള വിദ്യാർത്ഥി സംഘം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന ഭാഗമായി സമൂഹത്തിന്റെ വിവിധ തട്ടിൽ ഉള്ള മനുഷ്യരെയെല്ലാം അവരുടെ ശേഷിയും സാമൂഹിക സ്ഥിതികളും അനുസരിച്ച് വിജ്ഞാനത്തിന്റെയും ആലോചനയുടെയും സമർപ്പണത്തിന്റെയും വഴിയിൽ ബഹുദൂരം മുന്നോട്ട് നടത്താനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഈ പ്രവർത്തനങ്ങളുടെ മികച്ച ഒരു ഭാഗമാണ് ഇസ്സ കോഡ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആത്മാഭിമാനവും വിശ്വാസത്തിന്റെ പ്രചോദന ത്തിൽ അഭിമാനകരമായ സാമൂഹിക ജീവിതം നയിക്കുന്നവരുമായ ഒരു സന്നദ്ധ സംഘമാണ് ഈ വിദ്യാർത്ഥി പ്രതിനിധികൾ. സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 33 വീതം ഇസ്സ കോഡ് അംഗങ്ങളാണ് സംസ്ഥാന തലത്തിൽ 25000 വരുന്ന സംഘമായി രൂപപ്പെടുന്നത്.

സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുക യും ചർച്ച ചെയ്യുകയുമാണ് ഈ സംഘം. ഒപ്പം കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന സമസ്ത നടത്തിയ സാമൂഹിക പ്രധാനമായ മുന്നേറ്റങ്ങളുടെ ജൈവിക തുടർച്ചകളും ആവുന്നു ഈ സംഘം. സെക്ടറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിശ്ചിത കോഡിലുള്ള വേഷവിധാനങ്ങളോടെ ആണ് റാലിയിലും മറ്റും പങ്കെടുക്കുന്നത്. ഡിവിഷൻ ഹെഡുകളുടെയും ജില്ലയിൽ പ്രൈം, രണ്ട് ചീഫുമാരുടെയും കീഴിൽ കൃത്യമായ പരിശീലനങ്ങളും പഠനങ്ങളും മാർച്ചുകളും പൂർത്തിയാക്കി നിശ്ചിത കോഡിലുള്ള വേഷവിധാനങ്ങളോടെ ഈ സംഘം സമസ്ത സെന്റനറി സമ്മേളനത്തിന്റെ ഭാഗമാവും .

മുഴുവൻ ജില്ലകളിലെയും ഇസ്സ കോഡ് അംഗങ്ങൾ ഉലമാഇനെയും അവരുടെ പ്രകാശമാനമായ സംശുദ്ധ ജീവിത മാതൃകകളെയും പഠിക്കുന്ന വ്യത്യസ്തമായ സെഷനുകളും സാമൂഹികമായ പ്രചാരണ ക്യാമ്പയിനുകളും നടത്തുന്നു. ഇത്തരം പരിപാടികൾക്ക് പ്രാദേശികമായും കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.