പെരുമ്പിലാവ്: സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഇസ്സ കോഡ്’ ജില്ലാ റാലി പെരുമ്പിലാവിൽ സമാപിച്ചു. മനുഷ്യൻ, വിദ്യാർത്ഥിത്വം, സാമൂഹികത, രാഷ്ട്രസങ്കൽപം തുടങ്ങിയ ആശയങ്ങളെ പ്രകാശിപ്പിക്കുന്ന ആശയസഞ്ചാരമായാണ് റാലി സംഘടിപ്പിച്ചത്. ജില്ലയിലെ 47 സെക്ടറുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങൾ റാലിയിൽ അണിനിരന്നു.

കല്ലുംപുറത്ത് നിന്ന് ആരംഭിച്ച റാലി പെരുമ്പിലാവ് സെന്ററിൽ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ അനുഗ്രഹീത പ്രാർത്ഥന നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന സമാപന സമ്മേളനം എസ്.എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ റമീസ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്, സുന്നിയുവജന സംഘം എന്നിവയുടെ ജില്ലാ, സർക്കിൾ, സോൺ ഭാരവാഹികൾ റാലിയെ അഭിവാദ്യം ചെയ്തു.

റാലിയുടെ ഭാഗമായി ജില്ലയിലെ സെക്ടർ, ഡിവിഷൻ കേന്ദ്രങ്ങളിൽ ജലയാത്ര, ഭാരവാഹി പ്രകടനം, സെക്ടർ ഇസ്സ റാലി എന്നിവയും സംഘടിപ്പിച്ചു. 47 സെക്ടർ കേന്ദ്രങ്ങളിൽ നടന്ന ഫ്ലാഗ് ഓഫുകൾക്ക് സർക്കിൾ, സോൺ നേതാക്കൾ നേതൃത്വം നൽകി.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖാദിരി, ജനറൽ സെക്രട്ടറി കെ. എം. അനസ്, ഇസ്സ കോഡ് ജില്ലാ ചീഫ് സുഫിയാൻ കെ. ആർ. എന്നിവർ റാലിക്ക് നേതൃത്വം നൽകി.