സമസ്ത സെൻ്റിനറി: അവസാന ഘട്ട പദ്ധതികൾക്ക് അന്തിമ രൂപമായി.
കോഴിക്കോട്: 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദീഹറമൈനിൽ വെച്ച് നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി നടപ്പിലാക്കുന്ന കർമ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ബഹുമുഖ പദ്ധതി പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സമഗ്ര സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ടുള്ള അന്തിമ കർമ രേഖ തയാറാക്കിയത്. കുട്ടികൾ, വിദ്യാർത്ഥി യുവ ജനങ്ങൾ, കുടുംബം, വയോജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യും വിധമാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്. ഗ്രാമ ശാക്തീകരണ പരിപാടികൾ, സമഗ്ര മഹല്ല് പരിഷ്കരണം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, സാമ്പത്തിക അച്ചടക്കം വളർത്തുന്നതിനും സുസ്ഥിര വികസന മാതൃകകൾ നടപ്പിലാക്കുന്നതിനും ആവശ്യമായ ദീർഘകാലാധിഷ്ഠിത പ്രൊജക്ടുകൾ, സമസ്ത വിഭാവന ചെയ്യുന്ന വ്യക്തി സംസ്കരണത്തിൽ ഊന്നിയ സാമൂഹ്യ മാതൃകകൾ സാധിച്ചെടുക്കുന്നത്തിനായുള്ള കർമപരിപാടികൾ എന്നിവ കരട് രേഖയിലുണ്ട്.
സമസ്തയുടെ സാമൂഹിക സാംസ്കാരിക സേവനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ കേരളീയ സമൂഹത്തിന് ദിശ നിർണയിച്ച ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി മുഴുവൻ മനുഷ്യരിലേക്കും സമസ്തയുടെ സന്ദേശം എത്തിക്കുന്നതിനായുള്ളതാണ്.
സമ്മേളനത്തിന്റെ ഭാഗമായി ലഹരി, ധൂർത്ത്, അക്രമവാസന, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി സമൂഹവ്യാപനം നേടുന്ന തിന്മകൾക്കെതിരെ ജനകീയ ബോധവത്കരണം ശക്തമാക്കും. സമൂഹത്തെ സമഗ്രമായി ലക്ഷ്യം വെച്ചുള്ള ജനകീയ ക്യാമ്പയിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും സമ്മേളനം സംഘടിപ്പിക്കുന്നതിനോടൊപ്പം കേരളത്തിൽ 630 കേന്ദ്രങ്ങളിൽ തസ്കിയ കോൺഫ്രൻസ് എന്ന പേരിൽ ആത്മസംസ്കരണ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് മതം മുന്നോട്ട് വെക്കുന്ന ദാർശനിക വിചാരങ്ങൾ പങ്കുവെക്കുന്നതോടൊപ്പം സാമൂഹ്യ തിന്മകൾക്കെതിരെ മത പക്ഷത്തു നിന്ന് കൊണ്ടുള്ള ബോധ വത്കരണം ശക്തമാക്കുക കൂടിയാണ് ഈ കുടുംബ യോഗങ്ങളുടെ താല്പര്യം.
വിപണി ഉയർത്തുന്ന അന്ധമായ അനുകരണ ഭ്രമം നിമിത്തം ഉണ്ടാകുന്ന അനാവശ്യ മത്സര വിചാരവും അനവസരത്തിലുള്ള താരതമ്യങ്ങളും മാനുഷിക മൂല്യങ്ങളെ ശിഥിലമാക്കുന്നുണ്ട് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സമസ്തയുടെ യുവജന വിഭാഗത്തിന്റെ സംഘാടനത്തിൽ ആണ് സമ്മേളനങ്ങൾ നടക്കുന്നത്. നടക്കുന്നത്.
സന്ദർഭത്തിൽ നിന്ന് മാറിയുള്ള തെറ്റായ വായനകളിലൂടെ സാമൂഹ്യ അകലം വർധിക്കും വിധം മത സന്ദേശങ്ങൾ വ്യാഖ്യനിക്കപ്പെടുന്നത് അവസാനിപ്പിക്കാൻ നൂറിലധികം വിഷയങ്ങൾ തെരെഞ്ഞെടുത്ത് സമസ്തയുടെ നയം വിശദീകരിക്കും. . ഇതിനായി വിദഗ്ദ പാനലിസ്റ്റുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 130 കേന്ദ്രങ്ങളിൽ സമഗ്ര ചർച്ച സംഗമങ്ങൾ നടന്നു വരുന്നു. ജനാധിപത്യം, മതേതരത്വം, സാമൂഹികത, കുടുംബം, നിയമ പാലനം, ധാർമിക കടമകൾ, പെരുമാറ്റ ശാസ്ത്രം, വിദ്യാഭ്യാസം, വിശ്വാസം, ആചാരങ്ങൾ, ആത്മീയത തുടങ്ങി സാമൂഹ്യപ്രധാനമായ വിഷയങ്ങളെയും തെറ്റുധരിക്കപ്പെട്ട വാക്കുകളെയും പ്രയോഗങ്ങളെയും സമസ്തയുടെ ആശയ പരിസരത്തു നിന്ന് കൊണ്ട് വിശദീകരിക്കുകയാണ് ആശയ സമ്മേളനങ്ങൾ.
ഗ്രാമങ്ങളിലെ തൊഴിൽ സുരക്ഷിത്വം, ഭക്ഷ്യ സുരക്ഷ, സമഗ്ര ആരോഗ്യം, വിദ്യാഭ്യാസ ശാക്തീകരണം, സൈബർ സുരക്ഷയും ഡിജിറ്റൽ സാക്ഷരതയും, ലഹരി നിർമാർജനവും യുവജന ശാക്തീകരണവും, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, പ്രകൃതി സംരക്ഷണവും മാലിന്യ സംസ്കരണവും, മാനസികാരോഗ്യം തുടങ്ങിയ മേഖലകൾ ജില്ലാ തല മഹല്ല് മാനേജ്മെൻ്റ് കോൺഫറൻസുകൾ ചർച്ച ചെയ്യും. സാമൂഹ്യ നിർമിതിക്കായുള്ള സമഗ്ര പദ്ധതികൾക്ക് ജനകീയ കൂടിയാലോചനകൾ കോൺഫറൻസുകളിൽ നടക്കും.
വിദ്യാർത്ഥി ശാക്തീകരണത്തിന്റെ ഭാഗമായി എസ് എസ് എഫ് രൂപപ്പെടുത്തിയ ഇസ്സ കോഡ് സന്നദ്ധ സംഘത്തിന് സമസ്ത ആശയ ദൗത്യങ്ങളുടെ പ്രയോഗത്തിൽ നിർണായക ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ഒരേ സമയം പ്രാദേശിക തലങ്ങളിലും ക്യാമ്പസുകൾ കേന്ദ്രീകരിച്ചും വിവിധ പദ്ധതികളാണ് ഇസ്സ കോഡിന് കീഴിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 25000 വിദ്യാർഥികൾ ഇസ്സ കോഡിൽ അംഗങ്ങൾ ആയുണ്ട്. രാഷ്ട്രീയം, കരിയർ, സേവനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് സമഗ്ര പരിശീലനം നൽകും.
ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന സമസ്തയുടെ സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ സന്നദ്ധസേനയുടെ ഭാഗമായി നടക്കും.
ഭിന്ന ശേഷി സൗഹൃദം, വയോജന ക്ഷേമം, ഹാർമണി, ഉത്തരവാദിത്ത ഡിജിറ്റൽ പൗരൻ, ആരോഗ്യം, പരിസ്ഥിതി, തൊഴിൽ - സാമ്പത്തീക സുസ്ഥിരത, തുടങ്ങിയ ആശയങ്ങളും സമഗ്രമായി ചർച്ച ചെയ്യുകയും ദീർഘ കാല ലക്ഷ്യത്തോടെ പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും.
സെൻ്റിനറി സ്വാഗത സംഘം മീറ്റിംഗ് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി വിഷയാവതരണം നടത്തി. വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. മുഹമ്മദ് ഹനീഫ,അഡ്വ.മമ്മോക്കർ,ഹനീഫ ഹാജി ഉള്ളാൾ,സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പകര, പ്രഫ. കെ എം എ റഹീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
അബൂഹനീഫൽ ഫൈസ തെന്നല, മൊയ്തീൻകുട്ടി ബാഖവി പൊന്മള,അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, ഒ.കെ അബ്ദുറഷീദ് മുസ്ലിയാർ, പി എസ് കെ മൊയ്തു ബാഖവി മാടവന,ഐ എം കെ ഫൈസി കല്ലൂർ,മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇസ്സുദ്ദീൻ സഖാഫി കൊല്ലം,അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ,അബ്ദുല്ലാഹ് അഹ്സനി ചങ്ങാനി,അലവി സഖാഫി കൊളത്തൂർ, ഹസൻ ബാഖവി പല്ലാർ,അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം പ്രസ്ഥാന നേതാക്കളായ സൈഫുദ്ദീൻ ഹാജി, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, തുടങ്ങിയവർ സംബന്ധിച്ചു.



