തിരൂരങ്ങാടി: 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാട് വാദീ ഹറമൈനിൽ നടക്കു‌ന്ന സമസ്ത സെന്റിനറി മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസായ സമസ്ത സെന്റിനറി കാര്യാലയം തുറന്നു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ കാര്യാലയം ഉദ്ഘാടനം ചെയ്തു. അനുബന്ധമായി നടന്ന സമ്മേളനം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സെന്റിനറി പ്രോജക്ട് കൗൺസിൽ കൺവീനർ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ എം. എൻ. കുഞ്ഞി മുഹമ്മദ് ഹാജി പതാക ഉയർത്തി.

സംഗമത്തിൽ സി. മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, അബൂ ഹനീഫൽ ഫൈസി തെന്നല, താഴപ്ര മൊയ്തീൻ കുട്ടി മുസ്‌ലിയാർ, സ്വാദിഖ് വെളിമുക്ക് എന്നിവർ സംസാരിച്ചു. പൊന്മള മൊയ്തീൻ കുട്ടി ബാഖവി സ്വാഗതവും മുഹമ്മദ് പറവൂർ നന്ദിയും പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് സമസ്ത സെന്റർ കേന്ദ്രീകരിച്ചാണ് സെന്റിനറി കർമപദ്ധതികൾ നടന്നു വന്നിരുന്നത്. സ്വാഗതസംഘം ആസ്ഥാനമായി കൊളപ്പുറത്ത് കാര്യാലയം തുറന്നതോടെ ഇനി സമ്മേളന നഗരി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകും.