സമസ്ത: സെന്റിനറി ദേശീയ പര്യടനത്തിന് തുടക്കമായി;
ജനങ്ങളിൽ ദേശീയ ബോധം വളർത്താൻ പണ്ഡിതർ ജാഗ്രത പുലർത്തണം
ശ്രീനഗർ | സമസ്ത: സെന്റിനറി കർമ്മ പദ്ധതികളുടെ ഭാഗമായി ദേശീയ പര്യടനത്തിന് കശ്മീരിൽ തുടക്കമായി. രാജ്യത്ത് ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജനങ്ങളിൽ ദേശീയ ബോധം വളർത്താൻ പണ്ഡിതർ ജാഗ്രത പുലർത്തണമെന്നും പൂഞ്ചിൽ നടന്ന പണ്ഡിത സംഗമം-'ദി സെറ്റപ്പ്' ആഹ്വാനം ചെയ്തു. ദേശീയ പര്യടനത്തിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം പി.എസ്.കെ മൊയ്ദു ബാഖവി മാടവന നിർവഹിച്ചു. മൗലാനാ സുൽത്താൻ അഹ്മദ് നഖ്ശബന്ദി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫിദാദ് ഹുസൈൻ ബുഖാരി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ, നോർത്ത് സോൺ കോ-ഓർഡിനേറ്റർ ശൗകത് ബുഖാരി കാശ്മീർ എന്നിവർ വിഷയാവതരണം നടത്തി. മുഫ്തി മൗലാനാ ഫാറൂഖ് അഹ്മദ് മിസ്ബാഹി, മൗലാനാ ഹാഫിള് അബ്ദുൽ മജീദ് മദനി, മുഹമ്മദ് മുസ്തഫാ നഈമി, ഐ.സി.എഫ് സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്ര തുടങ്ങിയവർ പ്രസംഗിച്ചു.
സമസ്ത സെൻ്റിനറി സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം 'നാഷണൽ മിഷന്' തുടക്കം കുറിക്കുകയുമാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സമ്മേളന പ്രതിനിധി രജിസ്ട്രേഷൻ നടപടികൾക്കും തുടക്കമായി.
പഞ്ചാബിലെ സർഹിന്ദിൽ നടന്ന സ്റ്റേറ്റ് ഉലമാ-ഉമറാ ലീഡേഴ്സ് മീറ്റിൽ സൂഫി അസ്ലം നഖ്ഷബന്ദി അധ്യക്ഷത വഹിച്ചു. സയ്യിദ് ആമിർ ലുധിയാന, ഡോ. ഇഫ്തിഖാർ കരട്, മുഹമ്മദ് ഹസൻ കോക്ര പങ്കെടുത്തു.
ഹരിയാനയിലെ നൂഹിൽ നടന്ന നേതൃ പര്യടനത്തിൽ ശാഫി നൂറാനി, അഡ്വ. ചൗധരി ത്വൽഹ തുടങ്ങിയവർ സംബന്ധിച്ചു. ദേശീയ പര്യടനത്തിന്റെ പ്രഥമ ഘട്ടത്തിന് ബറേലിയിലാണ് സമാപനമായത്. അബ്ദുൽ ജലീൽ നിസാമി, ശാഹിദ് നിസാമി, നദീം ഫാറൂഖി ബറേലി, റഊഫ് നൂരി സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ:
സമസ്ത: സെൻ്റിനറി ദേശീയ പര്യടനം കാശ്മീരിലെ പൂഞ്ചിൽ സമസ്ത:കേന്ദ്ര മുശാവറ അംഗം പി. എസ്.കെ മൊയ്ദു ബാഖവി ഉദ്ഘാടനം ചെയ്യുന്നു.




