പാടന്തറ(നീലഗിരി): ദാരിദ്ര്യത്തിന്റെ തടസ്സങ്ങളില്ലാതെ,സ്നേഹത്തിന്റെ പുതിയ പാതയിലേക്ക് 850 യുവതി-യുവാക്കൾ ചുവടുവെച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പാടന്തറയിൽ സംഘടിപ്പിച്ച ഈ ബൃഹത്തായ സംഗമം രാജ്യത്തെ തന്നെ ഏറ്റവും വലിയ സമൂഹ വിവാഹങ്ങളിലൊന്നായി മാറി.സമസ്ത: ജനറൽ സെക്രട്ടറി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സമസ്ത: പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

നീലഗിരിയിലെ തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ നിരവധി കുടുംബങ്ങൾക്ക് പുറമെ കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വധൂവരന്മാരും ഈ മംഗല്യപ്പന്തലിൽ ഒന്നിച്ചു. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഗുണഭോക്താക്കളായ ഈ മഹാ മംഗല്യം രാജ്യത്തിന്റെ വൈവിധ്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി. നവദമ്പതികൾക്ക് വിവാഹ വസ്ത്രങ്ങളും വധുമാർക്ക് വിവാഹ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകി.ചടങ്ങിൽ പങ്കെടുത്ത

ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉൾപ്പെടെയുളള ഒരു ലക്ഷത്തോളം പേർക്ക് വിവാഹ വിരുന്നും ഒരുക്കിയിരുന്നു.നീലഗിരി ജില്ലാ എസ്.വൈ.എസ് കമ്മിറ്റിയും പാടന്തറ മർകസുമാണ് സംഘാടനത്തിന് നേതൃത്വം നൽകിയത്.

സാമ്പത്തിക പരാധീനതകൾ മൂലം വിവാഹ സ്വപ്നം മരീചികയായി കഴിയുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2014-ലാണ് ഈ കാരുണ്യ ദൗത്യത്തിന് തുടക്കം കുറിച്ചതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

ഈ വർഷം സമസ്ത:സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സാന്ത്വന ജീവ കാരുണ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ മെഗാ മംഗല്യം. 2014-ൽ 114 ജോടികളുമായി തുടങ്ങിയ ഈ വിവാഹ സംഗമത്തിലൂടെ ഇതിനകം രണ്ടായിരത്തോളം യുവതി യുവാക്കളാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.2015, 2017, 2019, 2023 വർഷങ്ങളിലും മെഗാ സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ചിരുന്നു.

ചടങ്ങിൽ ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്‌ത: സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആദരിച്ചു. പാടന്തറ മർകസിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും വേദിയിൽ നടന്നു. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി,പേരോട് അബ്ദുറഹ്മാൻ സഖാഫി,ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, സയ്യിദ് മുനീർ അഹ്ദൽ,ഡോ.ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, മാളിയേക്കൽ സുലൈമാൻ സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു.മജീദ് കക്കാട് സ്വാഗതം പറഞ്ഞു. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.