മലപ്പുറം: സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ- ആത്മീയ രംഗങ്ങളിലെല്ലാം കേരളീയ മുസ്‌ലിംകളെ സമുദ്ധരിക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് മതപണ്ഡിതർ. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള മനുഷ്യരെ ഒരുമിപ്പിച്ചുനിർത്താനും കീഴ്ത്തട്ടിലുള്ള മനുഷ്യർക്ക് ആത്മാഭിമാനം പകരാനുമുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശ്രമങ്ങൾ വളരെ വലുതായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ വെച്ചുനടന്ന സമസ്ത സെന്റിനറി സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസാ പ്രസ്ഥാനങ്ങളും മത- ഭൗതിക വിദ്യാഭ്യാസ സമുച്ചയങ്ങളും കേരളത്തിലുടനീളം സ്ഥാപിച്ചുകൊണ്ട് മതപണ്ഡിതർ സാധ്യമാക്കിയ വിപ്ലവം ചെറുതല്ല. അതിനെ ഏതെങ്കിലും അർഥത്തിൽ ചെറുതാക്കിക്കാണാനോ ഇല്ലാതാക്കിക്കളയാനോ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാണോ ആരെങ്കിലും ശ്രമിച്ചാൽ സാധിക്കുകയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയ മുസ്‌ലിംകൾ പണ്ഡിതരെ പിന്തുടർന്നു ജീവിക്കുന്നവരാണ്.

വൈകാരികമായ ഇടപെടലുകളിലൂടെ സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാതെ സമുദായത്തെ സംയമനത്തിന്റെ വഴിയിൽ ഉറപ്പിച്ചുനിർത്തിയ പാരമ്പര്യമാണ് പണ്ഡിതർ പിന്തുടർന്നത്. ആ പാരമ്പര്യവും പൈതൃകവും തന്നെയാണ് ഇപ്പോഴും മതപണ്ഡിതരെ മുന്നോട്ടുനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിംകളുടെ അസ്ഥിത്വം ഇക്കാലം വരെ സംരക്ഷിച്ചതും മതപണ്ഡിതരാണ്. ഗഹനമായ പഠനങ്ങൾ നടത്തിയവരും പൂർവികപാതയിലൂടെ സഞ്ചരിച്ചവരുമാണവർ. മതകാര്യങ്ങൾ അവധാനപൂർവം നോക്കിക്കാണുന്നതു കൊണ്ടുതന്നെ പണ്ഡിതർക്ക്, അവരുടെ പ്രസ്താവനകളെ തിരുത്തേണ്ടി വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, അബൂ ഹനീഫൽ ഫൈസി തെന്നല, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, സയ്യിദ് മുനീർ അഹ്ദൽ അഹ്സനി സംസാരിച്ചു.

സമ്മേളനത്തിൽ 20 27 ജനുവരി 28,29,30,3 തിയ്യതികളിൽ നടക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിന്റെ വിപുലമായ സ്വാഗതസംഘം പ്രഖ്യാപിച്ചു. ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരാണ് സുപ്രീം കൗൺസിൽ. സയ്യിദ് അലി ബാഫഖി സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനും എം എൻ കുഞ്ഞഹമ്മദ് ഹാജി കൺവീനറുമാണ്. കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ചെയർമാനായ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി കൺവീനറും കുറ്റൂർ അബ്ദുറഹ്മാൻ ഹാജി ഫിനാൻസ് കൺവീനറുമാണ്. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസിയാണ് സ്വാഗതസംഘം കോഡിനേറ്റർ.

സമസ്ത സെന്റനറി ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ അനേകം കർമപദ്ധതികൾ പ്രസ്ഥാന കുടുംബത്തിനു കീഴിൽ നടന്നുവരികയാണ്. കേരളീയ മുസ്‌ലിം ചരിത്രത്തിൽ സുവർണ അധ്യായം തീർക്കുന്നതായിരിക്കും സമസ്ത സെന്റിനറിയെന്ന് സംഘാടകർ അറിയിച്ചു.