സെന്റിനറി ഇസ്സ കോഡ്; ആശയ സഞ്ചാരം
ജില്ലാ റാലികൾക്ക് തുടക്കം
മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാ റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. താനൂർ ഒട്ടുപുറം ഒ എച്ച് സി പരിസരത്തുനിന്ന് ആരംഭിച്ച റാലി താനൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന പൊതുസമ്മേളനം എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ടി ഉദ്ഘാടനം ചെയ്തു. സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയുമാണ് ഇസ്സ കോഡ് ആശയ സഞ്ചാരങ്ങൾ. സെക്ടറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പ്രത്യേക യൂണിഫോം ധരിച്ചാണ് റാലിയിൽ പങ്കെടുക്കുന്നത്. സംസ്ഥാന വ്യാപകമായി 25,000 പേരടങ്ങുന്ന 'സെന്റിനറി ഇസ്സ കോഡ്' വിംഗിനാണ് എസ് എസ് എഫ് രൂപം നൽകിയിട്ടുള്ളത്. സെക്ടറുകളിൽ 33 അംഗങ്ങൾ വീതമുള്ള സംഘങ്ങളായും ഡിവിഷൻ ഹെഡുകളുടെയും ജില്ലാ പ്രൈം, രണ്ട് ചീഫുമാരുടെയും നേതൃത്വത്തിൽ കൃത്യമായ പരിശീലനങ്ങളും പഠനങ്ങളും മാർച്ചുകളും പൂർത്തിയാക്കിയാണ് റാലിക്കൊരുങ്ങുന്നത്.
ജില്ലാറാലികളുടെ ഭാഗമായി ഉലമാഇനെയും അവരുടെ സംശുദ്ധ ജീവിത മാതൃകകളെയും പഠിക്കുന്ന വ്യത്യസ്തമായ സെഷനുകളും പ്രചാരണ ക്യാമ്പയിനുകളും നടത്തുന്നു. ഇത്തരം പരിപാടികൾക്ക് പ്രാദേശികമായും കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
അടുത്ത ആഴ്ചകളിൽ നടക്കുന്ന മറ്റു ജില്ലകളുടെ ആശയ സഞ്ചാരം ജില്ലാ റാലികളുടെ പ്രചാരണങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തുമെന്ന് സംഘാടകര് അറിയിച്ചു. ക്രമീകരിച്ചിരിക്കുന്നത്. സംഘടനയുടെ 18 ജില്ലാ കേന്ദ്രങ്ങളിലും ഒക്ടോബർ ആദ്യ വാരത്തോടെ സെന്റിനറി ഇസ്സ കോഡ് റാലികൾ പൂർത്തിയാകും.




