സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഈജിപ്ത് ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു.
ഈജിപ്ത് ഗ്രാൻഡ് മുഫ്തിയും ലോക ഫത്വ ബോർഡുകളുടെയും കൗൺസിലുകളുടെയും പ്രസിഡന്റുമായ ഡോ. നസീർ മുഹമ്മദ് അയ്യാദുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. വിവിധ മേഖലകളിൽ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഗ്രാൻഡ് മുഫ്തിയുടെ ടെക്നിക്കൽ ഓഫീസ് അംഗം ഡോ. അയ്മൻ അബൂ ഉമറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മത-വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയം ശൃംഖലകൾ വിപുലീകരിക്കുന്നതിന് ഈജിപ്തിലെ ദാറുൽ ഇഫ്തക്കും ജനറൽ സെക്രട്ടേറിയറ്റിനും അതിയായ താല്പര്യമുണ്ടെന്നും ഗ്രാൻഡ് മുഫ്തി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്ലിം സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് സേവനം ചെയ്യാനും, മധ്യവർത്തി നിലപാടുകൾ ഉറപ്പുവരുത്താനും, ആധുനിക കാലത്തെ വൈജ്ഞാനിക ഫത്വ വെല്ലുവിളികളെ നേരിടുന്നതിന് പക്വമായ മതപ്രഭാഷണങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഭാഷ, ഗവേഷണം, പഠനം എന്നിവയിലെ സഹകരണ നിർദേശങ്ങൾ
ഇരുവിഭാഗങ്ങളും തമ്മിൽ സുസ്ഥിരമായ സ്ഥാപനതല സഹകരണം കെട്ടിപ്പടുക്കുന്നതിനായുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ഇന്ത്യയിലെ വൈജ്ഞാനിക സ്ഥാപനങ്ങളുമായുള്ള ബന്ധം ഊർജിതമാക്കുന്നതിനും, ഇസ്ലാമിക ചിന്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള സഹകരണ ശൃംഖല വിപുലീകരിക്കുന്നതിനുമായി ലോക ഫത്വ ബോർഡുകളുടെ ജനറൽ സെക്രട്ടേറിയറ്റിന്റെ ഒരു പ്രാതിനിധ്യ ഓഫീസ് ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ഈജിപ്ത് ദാറുൽ ഇഫ്തയുടെയും ജനറൽ സെക്രട്ടറിയറ്റിന്റെയും വൈജ്ഞാനിക ഗവേഷണ അനുഭവങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും, ഈജിപ്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസ മത സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഇത് വലിയ സാധ്യതകൾ തുറന്നുനൽകുമെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു.




